ബ്ലോക്ക്ചെയിൻ: ഒരു ആമുഖം

Kerala Blockchain Academy
5 min readMar 19, 2024

By Sumi Maria Abraham, Research & Development Engineer Kerala Blockchain Academy

ബ്ലോക്ക്‌ചെയിൻ മലയാളത്തിൽ: https://youtu.be/YqGpZH59L4s

ബ്ലോക്ക് ചെയിൻ (Blockchain) എന്ന വാക്ക് അത്ര പരിചിതമായി തോന്നുന്നില്ലെങ്കിലും ഏവർക്കും പരിചിതമായ ഒരു പദമാണ് ക്രിപ്റ്റോ കറൻസി. എന്താണ് ക്രിപ്റ്റോ കറൻസി എന്ന ചോദ്യത്തിനുള്ള ഉത്തരം അറിയില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവരായി ആരും തന്നെ കാണില്ല. ക്രിപ്‌റ്റോ കറൻസി സംബന്ധമായി അനവധി വിവരങ്ങൾ പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. ഇത്തരം ക്രിപ്റ്റോ കറൻസിയെ സാധാരണ കറൻസികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവയുടെ ഇടപാടുകൾ സൂക്ഷിക്കുന്ന സംവിധാനമാണ്. ഇടനിലക്കാരില്ലാത്ത കേന്ദ്രീകൃതമായ ആധിപത്യങ്ങൾ ഒന്നുമില്ലാത്ത ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ ചില നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം — ഇതിൻറെ പേരാണ് ബ്ലോക്ക് ചെയിൻ.

കേന്ദ്രീകരണം Vs വികേന്ദ്രീകരണം

നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന പല സംവിധാനങ്ങളും Centralized അഥവാ കേന്ദ്രീകൃതമായ ഘടന ഉള്ളതാണ്. ഉദാഹരണമായി വളരെ ജനപ്രിയമായ ഫേസ്ബുക്ക് ഗൂഗിൾ മുതലായ ആപ്ലിക്കേഷനുകൾ. അവയെ നിയന്ത്രിക്കുന്നത് അതാത് കമ്പനികളുടെ സർവറിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്. ഈ പ്രോഗ്രാമുകൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇത്തരം ആപ്പിന്റെ ഉപഭോക്താക്കൾക്ക് അറിയില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തി എന്ന് ആരോപണങ്ങളും അതിനെ തുടർന്നുള്ള നിയമ നടപടികളുടെയും വിശദാംശങ്ങൾ മീഡിയകളിൽ തന്നെ ലഭ്യമാണ്.

ഇത്തരം സാഹചര്യങ്ങളിൽ ആണ് Decentralization അഥവാ വികേന്ദ്രീകൃതമായ സംവിധാനങ്ങളുടെ പ്രസക്തി. ഒരു കേന്ദ്രീകൃത വസ്തുവോ പ്രസ്ഥാനമോ വിവരങ്ങൾ സൂക്ഷിക്കുന്നതിന് പകരം ഒരു ശൃംഖല വിവരങ്ങൾ സൂക്ഷിക്കുന്നതിന് ആണ് വികേന്ദ്രീകൃതമായ സംവിധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ശൃംഖലയിലെ എല്ലാ പങ്കാളികൾക്കും ഈ ശൃംഖലയിലെ എല്ലാ വിവരങ്ങളും സൂക്ഷിക്കുവാനുള്ള സംവിധാനമുണ്ട്. എന്നാൽ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താനോ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്താനോ സാധ്യമല്ല. ഇത് ഉറപ്പിക്കുന്നതിനായി സങ്കീർണമായ വിവിധ ക്രിപ്റ്റോഗ്രാഫിക് വിദ്യകൾ ഉണ്ട്. ഇത്തരത്തിൽ വികേന്ദ്രീകൃതമായി ഒരു കറൻസി എന്ന ആശയം മുന്നോട്ട് വെച്ചത് ബിറ്റ് കോയിൻ (Bitcoin)ആണ്.

2008 ൽ സതോഷി നകമോട്ടോ (Satoshi Nakamoto) എന്ന നാമത്തിൽ അറിയപ്പെടുന്ന ഒരു അപരിചിതനാണ് ഒരു കമ്പ്യൂട്ടർ ശൃംഖല വഴി നിയന്ത്രിക്കുന്ന ഒരു നാണയം എന്ന ആശയം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നത്. ഈ രീതിയിൽ 2009ൽ സതോഷി ആ ശൃംഖല (Network) ആരംഭിച്ച് ആ ആശയം പ്രാവർത്തികമാക്കി.

എന്താണ് ബിറ്റ് കോയിൻ ?

ബിറ്റ് കോയിൻ എന്നത് ആർക്കും പങ്കെടുക്കാവുന്ന ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്ന ആശയമായിരുന്നു. ഈ നെറ്റ് വർക്കിൽ പങ്കെടുക്കുന്നവർ ഒരു പ്രസ്തുത കമ്പ്യൂട്ടർ പ്രോഗ്രാം അവരവരുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്ത എക്സിക്യൂട്ട് ചെയ്യണം. ഈ നെറ്റ്വർക്കിൽ എല്ലാവർക്കും തന്നെ ഒരു ഓൺലൈൻ ഗെയിമിൽ പങ്കെടുക്കാവുന്നതാണ്. ഇവിടെ, ഗെയിം കമ്പ്യൂട്ടർ പസിൽ സൂചിപ്പിക്കുന്നു. പസിലിനുള്ള ഉത്തരം ആദ്യം കണ്ടെത്തുന്നയാൾക്ക് 50 ബിറ്റ്കോയിനുകൾ പ്രതിഫലം ലഭിക്കും. ഓരോ തവണ ഉത്തരം കിട്ടി കഴിയുമ്പോഴേക്കും അടുത്ത പസിലിനായി ഉത്തരം കണ്ടുപിടിക്കാനുള്ള പരിശ്രമത്തിൽ ആയിരിക്കും നെറ്റ്‌വർക്ക് പങ്കാളികൾ. ഇങ്ങനെ ഒരു ഓൺലൈൻ ഗെയിം കളിച്ചു പോയിന്റ് കിട്ടുന്നതുപോലെ ബിറ്റ്കോയിൻ പങ്കാളിയായി ബിറ്റ്കോയിൻ വാരിക്കൂട്ടുന്നത് ഒരു ട്രെൻഡ് ആയി വളർന്നു.

ഇതിലെ പസിൽ, വിജയിയെ തീരുമാനിക്കുക തുടങ്ങിയ നടപടികൾ ഒക്കെ നിശ്ചിത കമ്പ്യൂട്ടർ പ്രോട്ടോകോൾസ് അനുസരിച്ച് നടക്കുന്ന പ്രവർത്തിയാണ്. ഇത് നിയന്ത്രിക്കാനായി ഒരു പ്രത്യേക വ്യക്തിയോ പ്രസ്ഥാനമോ ഇല്ല എന്നതാണ് ഇതിലെ സവിശേഷത. ബിറ്റ് കോയിൻ പങ്കാളികൾ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നത് വിവിധ ഓൺലൈൻ ഫോറങ്ങളിലൂടെ ആയിരുന്നു.

അങ്ങനെയിരിക്കെ 2010 ഒരു ഫോറത്തിൽ ലാസ്ലോ എന്ന വ്യക്തി ഒരു പോസ്റ്റ് ഇട്ടു. “എൻറെ പതിനായിരം ബിറ്റ് കോയിൻ പകരമായി രണ്ട് പിസ്സ തരാൻ ആരെങ്കിലും തയാറാണോ ?”

അതിനു താഴെയായി പലരും കമന്റ് ചെയ്തു. ഒരാൾ ഈ ഓഫറിന് പിസ്സ കൊടുക്കുവാൻ തയ്യാറായി അങ്ങനെ 25 ഡോളർ വില വരുന്ന പിസ്സ ലാസ്ലോ മേടിച്ചത് താൻ നേടിയ പതിനായിരം ബിറ്റ് കോയിൻ കൊണ്ടാണ്. ഇന്നത്തെ മൂല്യം അനുസരിച്ച് 3000 കോടി രൂപയോളം ആണ് പതിനായിരം ബിറ്റ്കോയിനിന്റെ വില. അധികം വൈകാതെ തന്നെ ബിറ്റ്കോയിന് പകരം പണം അഥവാ പണത്തിന് പകരം ബിറ്റ്കോയിൻ നൽകുന്ന എക്സ്ചേഞ്ച് സംവിധാനങ്ങൾ ലോകത്ത് പലയിടത്തും ഉത്ഭവിച്ചു.

ബിറ്റ്കോയിൻ വ്യത്യസ്തമാക്കുന്നത് അതിൻറെ കണക്ക് പുസ്തകമാണ് അഥവാ ബിറ്റ്കോയിൻ ഇടപാടുകൾ സൂക്ഷിക്കുന്ന Ledger. ബാങ്കുകൾ ഉപയോഗിക്കുന്ന കേന്ദ്രീകൃത ലെഡ്ജർ സംവിധാനത്തിന് പകരം കമ്പ്യൂട്ടർ ശൃംഖലയിലെ എല്ലാവരും കൂടി സൂക്ഷിക്കുന്ന Decentralized ലെഡ്ജറിൽ ബിറ്റ് കോയിൻ ഇടപാടുകൾ സൂക്ഷിച്ചിരിക്കുന്നു.

ഇതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ബ്ലോക്ക്ചെയിൻ. എങ്ങനെയാണ് ബ്ലോക്ക്ചെയിൻ ഇടപാടുകൾ സൂക്ഷിക്കുന്നത് എന്ന് നോക്കാം.

ബ്ലോക്ക് ചെയിൻ ഇടപാടുകൾ

ബ്ലോക്ക് ചെയിൻ ശൃംഖലയിലെ കമ്പ്യൂട്ടറുകൾക്ക് പറയുന്ന പേരാണ് നോഡ് (Node).ഓരോ നോഡിനും മറ്റ് പല നോഡുകളുമായി ആശയവിനിമയം നടത്താനും വിവരങ്ങൾ കൈമാറാനും കഴിയും.

അഞ്ചു അപ്പുവിന് അഞ്ചു ബിറ്റ് കോയിൻ കൊടുക്കേണ്ടതുണ്ട്. ഈ ഇടപാട് എങ്ങനെയാണ് ബ്ലോക്ക്ചെയിൻ രേഖപ്പെടുത്തുന്നത് എന്ന് നമുക്ക് നോക്കാം. അഞ്ചുവും അപ്പുവും ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നവരാണ് അവർ വിവിധ വാലറ്റ് (Wallet) ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ബിറ്റ് കോയിൻ ഇടപാടുകൾ നടത്തുന്നത് വാലറ്റ് എന്നാൽ ഓൺലൈൻ ബാങ്കിംഗ് ആപ്പുകൾ, Paytm, PhonePe പോലെയുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്താനുള്ള ഒരു സംവിധാനമാണ്.

അഞ്ചു തന്റെ വാലറ്റ് വഴിയാണ് ഇടപാടുകൾ നടത്തുന്നത്. Wallet ആപ്ലിക്കേഷൻ ബ്ലോക്ക് ചെയിൻ ശൃംഖലയിലെ ഏതെങ്കിലും ഒരു നോടുമായി ബന്ധപ്പെട്ടിരിക്കും. അപ്പുവിന്റെ ബ്ലോക്ക് ചെയ്യാൻ അഡ്രസ്സും 5 ബിറ്റ് കോയിൻ എന്ന തുകയും വാലറ്റ് വഴി അഞ്ചു ഡിജിറ്റൽ ഒപ്പ് ഇട്ടു ഒരു ഇടപാട് (transaction)അയയ്ക്കും.

ഈ ട്രാൻസാക്ഷൻ അഞ്ജുവിന്റെ വാലറ്റുമായി ബന്ധപ്പെട്ട നോട് പരിശോധിക്കും. അഞ്ചുവിന്റെ ബാലൻസും ഡിജിറ്റൽ ഒപ്പും ഒക്കെ പരിശോധിച്ചു ഈ ഇടപാട് സാധുവാണെന്ന് ഉറപ്പാക്കിയാൽ ആ ട്രാൻസാക്ഷൻ ശൃംഖലയിലെ മറ്റ് നോഡുകൾക്ക് അയച്ചുകൊടുക്കും. Transaction കിട്ടുന്ന ഓരോ നോടും ഈ transaction സാധുവാണോ എന്ന് സ്വതന്ത്രമായി പരിശോധിച്ച് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ ശൃംഖലയിലെ നോഡുകൾ എല്ലാം പരിശോധിച്ച ഇടപാടുകളാണ് ലെഡ്ജറിൽ രേഖപ്പെടുത്തുക. ആരെങ്കിലും തെറ്റായ ട്രാൻസാക്ഷൻ അയച്ചാൽ അത് അസാധുവാക്കാനും ലെഡ്ജറിൽ രേഖപ്പെടുത്താതിരിക്കുവാനും നോഡിന് കഴിയും.

ഇത്തരം നിരവധി ഇടപാടുകൾ ആ ശൃംഖലയിൽ നടക്കുന്നുണ്ട്. ഒരു നിയുക്ത നോഡ് നിശ്ചിത ഇടവേളകളിൽ നടക്കുന്ന ഇടപാടുകൾ സമാഹരിച്ച് ലെഡ്ജറിലെ ഓരോ പേജും ആകുന്നു. ഇതിനെയാണ് ബ്ലോക്ക് (Block) എന്ന് പറയുന്നത്.

ബ്ലോക്ക് ഉണ്ടാക്കുന്ന നോഡിന് ഒരു പ്രതിഫലവും ലഭിക്കുന്നതാണ്. ആർക്കുവേണമെങ്കിലും ബ്ലോക്ക് ഉണ്ടാക്കാം എന്നതിനാൽ വിജയിയെ തീരുമാനിക്കാൻ വിവിധ നിയമങ്ങളുണ്ട്, Consensus Mechanisms എന്നാണ് ഇവ അറിയപ്പെടുന്നത്. ബിറ്റ്കോയിൻ നെറ്റ്വർക്കിൽ വിജയിയെ തീരുമാനിക്കുന്നത് ഓരോ ബ്ലോക്കിനും ഒപ്പവും പൂർത്തിയാക്കേണ്ട ഒരു ക്രിപ്റ്റോഗ്രഫിക് പസിൽ വഴിയാണ്.

ബ്ലോക്കിൽ പസിലിന്റെ ഉത്തരവും അടങ്ങിയിരിക്കും കൃത്യമായ ഇടപാടുകളും ബസ്സിലിന്റെ ഉത്തരവും ഉള്ള ബ്ലോക്ക് ആണ് ശൃംഖലയിലെ നോഡുകൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ ഒരു ബ്ലോക്കിൽ അഞ്ചുവിന്റെ ട്രാൻസാക്ഷൻ രേഖപ്പെടുത്തിയാൽ ആ ട്രാൻസാക്ഷൻ സാധു ആണെന്ന് പറയാം. ഇപ്രകാരം യാതൊരു ഇടനിലക്കാരും ഇല്ലാതെ നിശ്ചിത കമ്പ്യൂട്ടർ പ്രോട്ടോകോൾസ് അനുസരിച്ചാണ് ബ്ലോക്ക് ചെയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇടപാട് നടത്തുന്ന ആളുകളുടെ വ്യക്തിത്വം സ്ഥലം സമയം മുതലായ ഘടകങ്ങൾ ഒന്നും തന്നെ ബ്ലോക്ക് ചെയ്യാൻ പ്രവർത്തനത്തെ ബാധിക്കുന്നില്ല.

ബ്ലോക്ക് ചെയിൻ ഉപയോഗങ്ങൾ

ബിറ്റ്കോയിൻ വിജയത്തിന് പുറമെ മറ്റു പല കറൻസികളും ഇറങ്ങി. ക്രിപ്റ്റോ കറൻസി ഉപഭോക്താക്കൾ കറൻസിയുടെ മൂല്യത്തിന് പുറകെ പോയപ്പോൾ ചില സാങ്കേതിക വിദഗ്ധർ ബ്ലോക്ക്ചെയിനിന്റെ ഇതര ഉപയോഗങ്ങളെ കുറിച്ച് ചിന്തിച്ച. ആ വഴിയിൽ വന്ന ഒരു ആശയമാണ് പ്രോഗ്രാം ചെയ്യാവുന്ന ബ്ലോക്ക്ചെയിൻ. ക്രിപ്റ്റോ കറൻസി ഇടപാടുകൾ സൂക്ഷിക്കുന്ന ബ്ലോക്ക് ചെയിൻ ഡെഡ്ജറിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സൂക്ഷിക്കാനും ഉപയോഗിക്കാം. ഇത്തരം പ്രോഗ്രാമുകളെ സ്മാർട്ട് കോൺട്രാക്ട്സ് (Smart Contracts)എന്നു പറയുന്നു. പ്രോഗ്രാം വഴി നിയന്ത്രണ വിധേയമാക്കുന്ന ഏതൊരു സേവനത്തെയും ബ്ലോക്ക് ചെയിൻ ഉപയോഗിക്കാവുന്നതാണ് . ഉദാഹരണമായി സപ്ലൈ ചെയിൻ.

ഒരു സാധനമോ സേവനമോ ഉൽപാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയയ്ക്കാണ് സപ്ലൈ ചെയിൻ എന്നുപറയുന്നത്. സൂപ്പർമാർക്കറ്റ് ശൃംഖലകൾ എടുക്കുകയാണെങ്കിൽ അവയിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന വസ്തുക്കൾ പലസ്ഥലങ്ങളിൽ നിന്നും വരുന്നതായിരിക്കും. ഉൽപാദകനിൽ നിന്ന് മൊത്ത വ്യാപാരികളിലേക്കും തുടർന്ന് ചെറുകിട വ്യാപാരികളിലേക്കും അവിടെ നിന്ന് ഉപഭോക്താക്കളിലേക്കും ആണ് മിക്ക ഉൽപ്പന്നങ്ങളും എത്തുന്നത്. നാം വാങ്ങുന്ന പല വസ്തുക്കളുടെയും യഥാർത്ഥ ഉത്ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടാവാറില്ല അഥവാ അങ്ങനെ ഒരു വിവരം വേണമെന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള പങ്കാളികളെ എല്ലാം പിന്തുടർന്ന് ആവശ്യ വിവരം ലഭ്യമാക്കുവാൻ മാസങ്ങളോളം എടുത്തേക്കാം.

ഓരോ സ്ഥാപനവും അവരവരുടെ ലെഡ്ജറുകളിലാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട സാഹചര്യം ഉള്ളതുകൊണ്ടാണ് ഇത്രയേറെ കാലതാമസം എടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആണ് ബ്ലോക്ക് ചെയിൻ പ്രസക്തമാകുന്നത്. ഓരോരുത്തരും അവരവരുടെ വ്യത്യസ്ത ലെഡ്ജറിൽ സൂക്ഷിക്കുന്നതിന് പകരം പൊതുവായ വിവരങ്ങൾ ഇവയെല്ലാം തമ്മിൽ ഇവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബ്ലോക്ക് ചെയിൻ ശൃംഖല വഴി ഒരു പൊതു ലെഡ്ജറിൽ രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടെങ്കിൽ ഇത്തരം വസ്തുക്കളുടെ വിവരങ്ങൾ പിന്തുടരുക എളുപ്പം ചെയ്യാവുന്നതാണ്.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ബ്ലോക്ക്‌ചെയിൻ ക്രിപ്‌റ്റോകറൻസിയുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നു. നിലവിലെ ഗവേഷണം സുതാര്യതയും പൊതു ഓഡിറ്റിംഗും ഉറപ്പാക്കാൻ ഉറപ്പാക്കാൻ കഴിയുന്ന, പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ബ്ലോക്ക്ചെയിനിന്റെ ഇതര ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

--

--

Kerala Blockchain Academy

One-stop solution for quality blockchain education and research. Offers best in class blockchain certification programs in multiple blockchain domains.